വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു കാണാതായ ജോൺ മത്യാസിനെ ഇന്നലെയും കണ്ടെത്താനായില്ല.ഉൾക്കടലിൽ പൂന്തുറ ഉൾപ്പെടെ ചിലയിടങ്ങളിൽ ഇയാളെ കണ്ടെന്നു മത്സ്യത്തൊഴിലാളികൾ അറിയിച്ചതനുസരിച്ചു തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും വ്യാപക തെ രച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാറ്റും കടൽക്ഷോഭവും അവഗണിച്ചുള്ള അധികൃതരുടെ തെരച്ചിൽ ഇന്നലെ വൈകിയും തുടർന്നു. അപകടം നടന്നു നാലു ദിവസം പിന്നിട്ടിട്ടും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും കുടുംബത്തിന്റെ അത്താണിയായ ജോൺ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും തീരദേശവും.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ മനോജിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജേക്കബ് എന്ന വള്ളത്തിൽ മറ്റ് അഞ്ചു തൊഴിലാളികൾക്കൊപ്പം കടലിൽ പോയതായിരുന്നു 54 വയസുള്ള പുല്ലുവിള ഇരയിമ്മൻ തുറ സ്വദേശി ജോൺ മത്യാസ്. വലവിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും വൻ തിരമാലയിലുംപെട്ട് വള്ളം മറിഞ്ഞ് എല്ലാവരും കടലിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാലുപേരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തുന്നതിനിടയിൽ ജോണിനെ തിരയിൽ കാണാതായി.
ഇയാൾക്കായി മറൈയൻ എൻഫോഴ്സ്മെന്റും തീരദേശ പോലീസും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ചേർന്ന് കടലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീട്ടിലെ ഏക അത്താണി കൂടിയായ ഇദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കണ്ണീരോടെയും പ്രാർഥനയോടെയും കഴിയുകയാണ് കുടുംബം. ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ജോൺ. തെരച്ചിൽ ഇന്നും ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.